ആലുവ മഹാക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ പടിഞ്ഞാറായും തിരുവാലൂർ മഹാദേവക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കുമായും ഒരേ രേഖയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം. കടുങ്ങല്ലൂർക്കര,തോട്ടക്കാട്ടുകര,ഏലൂക്കര, കയന്റിക്കര തുടങ്ങി കടുങ്ങല്ലൂർ ദേവസ്വം വക ഭൂമിയാണ് ഈ കരയിൽ ഉള്ളതെല്ലാം. അതിനാൽ തന്നെ മേൽപ്പറഞ്ഞ കലകളുടെ ദേശാധിപത്യമുള്ള ക്ഷേത്രമാണിത്. മതിൽക്കകത്ത് യാതൊരു ഉപദേവന്മാരുമില്ലാതെ ഏക ഛത്രാധിപതിയായി, സർവാഭീഷ്ടപ്രധാനിയായി വാണരുളുന്ന ദേവനാണ് നരസിംഹമൂര്ത്തി എന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മീനമാസത്തിലെ അവസാന ദിവസം വൈകിട്ട് കൊടി കയറി, മേടം ഒന്നിന് വിഷുക്കണി കണ്ടതിന് ശേഷം ഉത്സവം തുടങ്ങുന്നു. 8-)o നാൾ ആറാട്ട്. സ്വന്തം ഭൂമിയിൽകൂടി മാത്രം നടന്നു അന്യഭൂമിയിൽ ചവിട്ടാതെയാണ് ആറാട്ട് നടത്തുക. ഉത്സവദിവസങ്ങളിൽ ഊരാണ്മ ഗൃഹങ്ങളിലേക്ക് അഹസ്സിനെഴുന്നള്ളിപ്പും പറയെടുപ്പും നടക്കും. മാവൽശ്ശേരി മന , മുല്ലപ്പിള്ളി മന, എലപ്പിള്ളി മന, മാവേലിമന തുടങ്ങിയ ഊരാണ്മക്കാരുടെ ഇല്ലങ്ങൾ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. തിരുവാലൂർ ക്ഷേത്രത്തിലെ ആറാടിവരവും കൊടിപ്പുറത്തുവിളക്കും ഏഴു ദിവസത്തെ ഉത്സവവും വിശേഷമാണ്.
ആലുവ മഹാദേവനും, തിരുവാലൂരപ്പനും, കടുങ്ങല്ലൂരപ്പനുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും ആചാര്യനുഷ്ടാനങ്ങളും കാണുന്നുണ്ട്. ദേവസാന്നിദ്ധ്യങ്ങളുടെ ഉത്പത്തിഹേതുവായ ശ്രീരാമചന്ദ്രസ്വാമിയാൽ പ്രതിഷ്ഠിതമായ ആലുവ മഹാദേവന് തിരുവാലൂരപ്പനും കടുങ്ങല്ലൂരപ്പനുമായുള്ള ബന്ധം പ്രധാനമാണ്. ശ്രീരാമദേവൻ ആലുവയിൽ പെരിയാറിൻ തീരത്ത് ബലി തർപ്പണാദികൾ ചെയ്തു. വിഖ്യാതമായ ഐതിഹ്യപ്രകാരം സീതാപഹരണ സമയത്ത് വെട്ടേറ്റുവീണ ജടായുവിന്റെ ശിരോഭാഗം പെരിയാറിന്റെ തീരത്തും നടുഭാഗം നടുങ്ങല്ലൂരും (നടുങ്ങല്ലൂർ പിന്നെ കടുങ്ങല്ലൂരായി) വാൽഭാഗം തിരുവാലൂരുമാണ് വീണത്.അതിനാൽ ഭക്തജനങ്ങൾ ഒരേ കാലത്ത് ആലുവ മഹാദേവനെയും തുടർന്ന് കടുങ്ങല്ലൂരപ്പനെയും തിരുവാലൂരപ്പനെയും തിരിച്ച് വീണ്ടും ആലുവ മഹാദേവനെയും ക്രമമായി ദർശനം നടത്തുന്നത് മോക്ഷപ്രാപ്തിക്ക് വളരെ വിശേഷമാണെന്ന് ഐതിഹ്യമായും, പ്രശ്നവശാലും സൂചിപ്പിച്ചുകൊള്ളുന്നു. മകരം ഒന്ന് മുതൽ മുപ്പത് വരെ ഉത്തരായണത്തിൽ മൂന്നമ്പല ദർശനം നടത്തുന്നത് ഉത്തമമാണെന്ന് കണ്ടിരിക്കുന്നു.