History

banner btm

HISTORY :

കിഴക്കെ കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രം ആലുവ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 3 കി.മീ പടിഞ്ഞാറും,തിരുവാലൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്ന് 3 കി.മീ കിഴക്കുമായി ഒരേ രേഖയില്‍ സ്ഥിതി ചെയ്യുന്നു.

തിരുവിതാംകൂര്‍(പഴയ വേണാട്) മഹാരാജാവായിരുന്ന വീരമാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊച്ചി രാജ്യത്ത് സാമൂതിരി കയ്യടക്കിവച്ചിരുന്ന പ്രദേശങ്ങള്‍ ഒഴിപിച്ചു തന്നതിന് പ്രത്യുപകാരമായി കൊച്ചി രാജാവ്‌ തിരുവിതാംകൂറിലേക്ക് വിട്ടു കൊടുത്തതാണ് ആലങ്ങാടും പറവൂരുമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.അന്നത്തെ ആലങ്ങാട് രാജ്യത്തിലെ അതിപുരാതനമായ ഒരു ക്ഷേത്രമാണിത്.

മൈസൂര്‍ രാജാവായ ടിപ്പുസുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ടതില്‍ ഒരു ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.അക്കാലത്ത് ഐക്കരനാട് എന്ന സ്ഥലത്തു നിലനിന്നിരുന്ന ക്ഷേത്രo അന്നത്തെ ഉടമസ്ഥര്‍ക്ക് ഭരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കൊച്ചി രാജ്യത്തില്‍പ്പെട്ട 4 നമ്പൂതിരി കുടുംബങ്ങളെ ക്ഷേത്ര നിക്ഷേപാധികാരം(ഊരാണ്മ) ഏല്പിച്ചതിനെ തുടര്‍ന്ന് സ്ഥാപിക്കപ്പെട്ടതാണ് ഈ വിഖ്യാതമായ മഹാവിഷ്ണു ക്ഷേത്രം(നരസിംഹം).

ഐക്കരനാട്ടില്‍ നിന്നും അക്കാലത്ത് ജലമാര്‍ഗ്ഗം തോണിയില്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന വിഗ്രഹത്തിന് വെയിലും മഴയും ഏല്ക്കാതെ ശ്രീ മണിക്കുട(രത്നക്കുട) ചൂടികൊണ്ടുവന്നവരെ ശ്രീമണിക്കോടന്‍ എന്നും(ഇന്ന് അത് ലോപിച്ച് ചങ്ങനിക്കോടന്‍ എന്നായിട്ടുണ്ട്)ക്ഷേത്രം വക ഭണ്ട്ഡാരം തോണിയില്‍ സുരക്ഷിതമായി എത്തിച്ചവരെ തോണിക്കാര്‍ എന്നും വിളിച്ചുവരുന്നു.ഇന്നും ക്ഷേത്രത്തിലെ വിശേഷാദിപൂജകള്‍ക്കും ദേവന്‍ മതില്‍ക്കകം വിട്ട് പുറത്തേക്കിറങ്ങുമ്പാഴും ഈ രണ്ടു കുടുംബക്കാരും കുടയെടുപ്പും ഭണ്ട്ഡാരം ചുമടും മറ്റും നടത്തിയിരുന്നു.

ഈ ക്ഷേത്രത്തിന്‍റെ വളരെ അടുത്താണ് ഊരാണ്മക്കാരുടെ ഇല്ലങ്ങള്‍.

1) മാവല്‍ശ്ശേരി മന , 2) മുല്ലപ്പിള്ളി , 3) ഏലപ്പിള്ളി മന, 4) മാവേലിമന

കടുങ്ങല്ലൂര്‍ ദേവസ്വം വക ഭൂമികളാണ് ഈ കരയില്‍ ഉണ്ടായിരുന്നത്. കടുങ്ങല്ലൂര്‍ കര ,തോട്ടയ്ക്കാട്ടുകര, ഏല്ലൂക്കര, കയന്‍റികര,മുപ്പത്തടം എന്നിവയാണ് ഇത്.അതുകൊണ്ട് ഈ കരകളുടെ ദേശാദിപത്യം ഉള്ള ക്ഷേത്രമാണിത്.

കൊടികയറി കണികണ്ടാണ് എവിടെ ഉത്സവം ആഘോഷികുന്നത്. തിരുവാലൂര്‍ ക്ഷേത്രത്തിലെ ആറാടി വരവും,കൊടിപ്പുറത്ത് വിളക്കും തുടര്‍ന്ന് 7 ദിവസത്തെ ഉത്സവവും സ്വന്തം ഭൂമിയില്‍ കൂടി 3.കീ.മീ നടന്ന് അന്യഭൂമിയില്‍ ചവിട്ടാതെയുള്ള ആലുവപ്പുഴയിലെ ആറാട്ട് സവിശേഷമാണ്. ഉത്സവദിനങ്ങളില്‍ ഊരാണ്മ ഗൃഹങ്ങളിലേക്ക് ദേവന്‍റെ അഹസ്സിന് എഴുന്നള്ളിപ്പും,പറയെടുപ്പും ഇന്നും തുടര്‍ന്നു വരുന്നു.മതില്‍ക്കകത്ത് യാതൊരു ഉപദേവന്മാരുമില്ലാതെ ഏകഛത്രാധിപതിയായി വാണരുളുന്ന ദേവന്‍ എന്ന പ്രതേകതയും ഈ ക്ഷേത്രത്തിനുണ്ട്.





history